<<Previous    Next >>

 

മലയാളത്തിന്റെ വാനമ്പാടി
മാനുവല്‍ ജോര്‍ജ്‌
(മലയാളമനോരമ)


മലയാളികളല്ലാത്ത ഗായികമാര്‍ മലയാള സിനിമാ സംഗീതലോകത്ത്‌ ആധിപത്യം  സ്ഥാപിച്ച്‌ ഏറെ കഴിഞ്ഞാണ്‌ മലയാളത്തിന്റെ ശബ്‌ദമായി കെ.എസ്‌.ചിത്രയെത്തുന്നത്‌. എസ്‌.ജാനകി, പി.സുശീല, മാധുരി, വാണിജയറാം തുടങ്ങിയ ഗായികമാരായിരുന്നു മലയാള ഗാനങ്ങളേറെയും പാടിയിരുന്നത്‌. മലയാളി പിന്നണി ഗായകരായ എ.പി.കോമളവും,  ശാന്താ പി.നായരുമൊക്കെ അപ്പോഴേക്കും കളംവിട്ടിരുന്നു. ആകെയുണ്ടായിരുന്നത്‌ പി.ലീല മാത്രം.  അതും വളരെ കുറച്ച്‌ ഗാനങ്ങള്‍ മാത്രം.


തമിഴ്ച്ചുവ കലര്‍ന്ന മലയാളഗാനങ്ങള്‍ മാത്രം ആസ്വദിച്ചുകൊണ്ടിരുന്ന മലയാളികള്‍ക്കു മുന്നില്‍ തനി മലയാള സ്‌ഫുടതയും സ്വരമാധുരിയുമായി ചിത്ര കടന്നുവന്നു. എം.ജി. രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വഹിച്ച അട്ടഹാസം എന്ന ചിത്രത്തിനു വേണ്ടിയാണ്‌ ചിത്ര ആദ്യമായി പിന്നണി പാടുന്നത്‌. ആദ്യം താരുണ്യം എന്നായിരുന്നു ഈ ചിത്രത്തിനു പേരിട്ടിരുന്നത്‌. കാസെറ്റുകള്‍ പുറത്തിറങ്ങിയതും താരുണ്യം എന്ന പേരിലായിരുന്നു. ചെല്ലം ചെല്ലം എന്നു തുടങ്ങുന്ന ഗാനമായിരുന്നു അത്‌. ചിത്രയുടെ ആദ്യ സിനിമാഗാനം.


പക്ഷേ,..ചിത്ര പാടിയയൊരു ഗാനം ആദ്യമായി സ്ക്രീനില്‍ അവതരിപ്പിക്കപ്പെടുന്നത്‌ പിന്നീടു പാടിയ നവംബറിന്റെ നഷ്‌ടം എന്ന ചിത്രത്തിലെ ഗാനമായിരുന്നു. ഞാന്‍ ഏകനാണു എന്ന ചിത്രത്തിലെ രജനീ പറയൂ.. എന്ന ഗാനമായിരുന്നു ആദ്യ ഹിറ്റ്ഗാനം. എം.ജി.രാധാകൃഷ്ണനായിരുന്നു ഈ ചിത്രത്തിന്റെയും സംഗീത സംവിധായകന്‍..ഈ ചിത്രത്തില്‍ യേശുദാസിനൊടൊപ്പം പാടിയ പ്രണയവസന്തം തളിരണിയുമ്പോള്‍ എന്ന ഗാനവും ശ്രദ്ധയാകര്‍ഷിച്ചു.


പക്ഷേ, അട്ടഹാസത്തിനും നവംബറിന്റെ നഷ്‌ടതിനും, ഞാന്‍ ഏകനാണിനും മുന്‍പു തന്നെ ചിത്ര ഒരു സിനിമക്കു വേണ്ടി പാടിയിട്ടുണ്ട്‌. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അരവിന്ദന്റെ കുമ്മട്ടി എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്‌. പത്തുപതിനഞ്ചു കുട്ടികള്‍ ചേര്‍ന്നുള്ള പാട്ട്‌. മറ്റു കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു ചിത്രയും പാടി. ഗുരുസ്ഥാനീയനായ എം.ജി.രാധാകൃഷ്ണ്‍ന്റെ സംഗീത സംവിധാനത്തിലായിരുന്നു ആ ഗാനവും. കുമ്മട്ടിയില്‍ ഒരു കുട്ടിക്കു വേണ്ടി ചിത്ര ഡബ്‌ ചെയ്യുകയും ചെയ്തു.


ഞാന്‍ ഏകനാണ്‌ എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിക്കഴിഞ്ഞതോടെ ചിത്ര ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അന്ന് യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിക്കൊണ്ടിരുന്നത്‌ സുജാതയായിരുന്നു. ഇടക്ക്‌ സുജാതക്ക്‌ അസൗകര്യം ഉണ്ടായപ്പോള്‍ ചിത്രയെ വിളിച്ചു. പിന്നീട്‌ ഇടയ്‌ക്കിടെ യേശുദാസിനൊപ്പം ഗാനമേള പാടിത്തുടങ്ങി..ദാസേട്ടന്റെ ഒപ്പം പാടുന്ന കുട്ടി എന്ന പേരു കൂടിയായതോടെ കൂടുതല്‍ അവസരങ്ങള്‍ ചിത്രയെ തേടിയെത്തി.


മൗനരാഗം എന്ന ചിത്രത്തിനു വേണ്ടി യേശുദാസ്‌ തന്നെ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനമേ ഉണരൂ.. ദുഃഖഗാനമേ ഉണരൂ.. എന്ന ഗാനമായിരുന്നു പിന്നീടു പുറത്തു വന്ന ഹിറ്റ്‌ ഗാനം. ഇതേ വര്‍ഷം തന്നെ എം.ജി.രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തില്‍ പാടിയ കടലിലും കരയിലും എന്ന ഗാനവും ഹിറ്റായി.


എന്നാല്‍,എന്റെ മാമ്മട്ടിക്കുട്ടിയമ്മക്ക്‌ എന്ന ചിത്രമായിരുന്നു ചിത്രയെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയാക്കിയത്‌. ആളൊരുങ്ങി അരങ്ങൊരുങ്ങി............. എന്ന ഗാനം. ചിത്രയുടെ പാട്ടുകളുമായി പുറത്തിറങ്ങിയ ആദ്യ സൂപ്പര്‍ഹിറ്റ്‌ ചിത്രമായിരുന്നു എന്റെ മാമ്മട്ടിക്കുട്ടിയമ്മക്ക്‌. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും,പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരിയോ കിളി..തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തിലെ തന്റെ സ്‌ഥാനം അരക്കിട്ടുറപ്പിച്ചു.


പിന്നീടങ്ങോട്ടു മലയാള സിനിമാ സംഗീത ലോകത്ത്‌ ചിത്രക്കു രാജ്ഞിയുടെ സ്‌ഥാനമായിരുന്നു. സൂപ്പര്‍ഹിറ്റ്‌ ഗാനങ്ങള്‍..എണ്ണിയാലൊടുങ്ങില്ല....ആദ്യ ദേശിയ അവാര്‍ഡ്‌ നേടിയത്‌ തമിഴ്‌ ചിത്രത്തിലൂടെ ആയിരുന്നുവെങ്കിലും തൊട്ടടുത്ത വര്‍ഷങ്ങളില്‍ മലയാളത്തിലേക്കും ചിത്ര അവാര്‍ഡുകള്‍ കൊണ്ടുവന്നു..നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും എന്ന ഗാനമായിരുന്നു ചിത്രക്ക്‌ ആദ്യമായി മലയാളത്തില്‍ നിന്നു ദേശീയ അവാര്‍ഡ്‌ വാങ്ങിക്കൊടുത്തുത്‌. പിന്നീട്‌, വൈശാലിയിലെ തേടുവതേതൊരു ദേവപദം...


1985 ല്‍ എന്റെ കാണാക്കുയില്‍ എന്ന ചിത്രത്തിലെ ഒരേ സ്വരം, ഓരേ നിറം എന്ന ഗാനത്തിലൂടെ സംസ്ഥാന അവാര്‍ഡ്‌ നേടിയ ചിത്ര പിന്നീടുള്ള പതിനൊന്നു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന അവാര്‍ഡ്‌ നേടി റെക്കോര്‍ഡിട്ടു. നിറക്കൂട്ടിലെ പൂമാനമേ എന്ന ഗാനമായിരുന്നു 1986ല്‍ അവാര്‍ഡ്‌ നേടിക്കൊടുത്തത്‌. 1996 സുജാതയാണ്‌ ചിത്രയുടെ ഈ പ്രയാണത്തിന്‌ ഇടവേളയിട്ടത്‌. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വീണ്ടും സംസ്ഥാന അവാര്‍ഡ്‌ ചിത്രയെ തേടിയെത്തി. തീര്‍ഥാടനം, നന്ദനം, നോട്ടം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയായിരുന്നു അത്‌.

..........................................................................................................................................................................

<<Previous    Next >>

   
 

        | HOME |  BIOGRAPHY | MEDIA/ARTICLES | AWARDS | GALLERY | GUEST BOOK | CONTACT |       

© 2008 | www.kschitra.info | All Rights Reserved.